ഗുവാഹത്തി: ഉത്തരാഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾക്ക് പിന്നാലെ അസം സർക്കാരും സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്ക് വേണ്ടി പാർലമെന്ററി കാര്യ മന്ത്രി അതുൽ ബോറയാണ് തിങ്കളാഴ്ച 'യൂണിഫോം സിവിൽ കോഡ്, അസം, 2026 ബിൽ' സഭയിൽ വെച്ചത്.
വിവാഹം, വിവാഹമോചനം, ലിവ്-ഇൻ പങ്കാളിത്തം, സ്വത്തുതർക്കം എന്നിവയിൽ എല്ലാ പൗരന്മാർക്കും ഒരേ നിയമം ബാധകമാക്കുന്നതാണ് ഈ ബിൽ. അതേസമയം, ഭരണഘടനാപരമായ സംരക്ഷണം നിലനിർത്തുന്നതിനായി സംസ്ഥാനത്തെ പട്ടികവർഗ വിഭാഗങ്ങളെ ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് പൂർണമായി ഒഴിവാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ബഹുഭാര്യത്വവും ബഹുഭർതൃത്വവും പൂർണമായി നിരോധിക്കും. നിയമം ലംഘിക്കുന്നവർക്ക് ഭാരതീയ ന്യായ സംഹിത അനുസരിച്ച് ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. വിവാഹപ്രായം പുരുഷന്മാർക്ക് 21 വയസ്സും സ്ത്രീകൾക്ക് 18 വയസ്സുമായി ഏകീകരിക്കും. ഏത് മതപരമായ ആചാരപ്രകാരം (വൈദിക വിവാഹം, നികാഹ്, ആനന്ദ് കാരജ് തുടങ്ങിയവ) വിവാഹം കഴിച്ചാലും 60 ദിവസത്തിനകം അത് നിർബന്ധമായും രജിസ്റ്റർ ചെയ്യണം.
ലിവ്-ഇൻ റിലേഷൻഷിപ്പിൽ ഏർപ്പെടുന്നവർ ഒരു മാസത്തിനകം (30 ദിവസത്തിനുള്ളിൽ) അത് ഔദ്യോഗികമായി രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാതിരുന്നാൽ മൂന്ന് മാസം വരെ തടവോ 10,000 രൂപ പിഴയോ ശിക്ഷ ലഭിക്കാം. ഇത്തരം ബന്ധങ്ങളിൽ ജനിക്കുന്ന കുട്ടികൾക്ക് നിയമപരമായ പൂർണ അവകാശങ്ങളുണ്ടായിരിക്കും. കൂടാതെ ഉപേക്ഷിക്കപ്പെടുന്ന പങ്കാളിക്ക് കോടതി വഴി ജീവനാംശം തേടാം. മാതാപിതാക്കളുടെ സ്വത്തിൽ ആൺ-പെൺ വ്യത്യാസമില്ലാതെ തുല്യമായ അവകാശം ഉറപ്പാക്കുന്നു. അഞ്ച് വയസിൽ താഴെയുള്ള കുട്ടികളുടെ സംരക്ഷണച്ചുമതല അമ്മയ്ക്കായിരിക്കും.
ഈ ബിൽ അവതരിപ്പിച്ചതോടെ അസം അസംബ്ലിയിലെ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, റൈജോർ ദൾ തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കൂടുതൽ ചർച്ചകൾ നടത്താതെ ഏകപക്ഷീയമായാണ് ബിൽ കൊണ്ടുവന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ സാമൂഹിക നീതിയും ലിംഗസമത്വവും ഉറപ്പാക്കാൻ യുസിസി അനിവാര്യമാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി.